Monday, July 27, 2015

ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാന് പ്രണാമം


സ്വപ്‌ന ഇന്ത്യ കെട്ടിപ്പടുക്കാന്‍ കലാമിന്റെ മൂന്നു ദര്‍ശനങ്ങള്‍

 

 
സ്വപ്‌നങ്ങളുടെ രാജകുമാരനായിരുന്നു കലാം. ഇന്ത്യന്‍ ജനതയെ സ്വപ്‌നംകാണാന്‍ പഠിപ്പിച്ച അദ്ദേഹം ഒരു ശാസ്ത്രജ്ഞനോ രാഷ്ട്രപതിയോ ഗ്രന്ഥകാരനോ മാത്രമായിരുന്നില്ല. വാക്കുകള്‍കൊണ്ടും ജീവിതംകൊണ്ടും ഒരു കാലഘട്ടത്തെ തന്നെ പ്രചോദിപ്പിച്ച മനുഷ്യസ്‌നേഹിയായിരുന്നു. ഒരിക്കല്‍ കലാം പറഞ്ഞു, ആകാശത്തേക്കു നോക്കൂ, നമ്മള്‍ ഒറ്റയ്ക്കല്ല. മുഴുവന്‍ പ്രപഞ്ചവും നമ്മോടൊപ്പമുണ്ട്. സ്വപ്‌നം കാണുന്നവര്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ചത് നല്‍കാനാണ് പ്രപഞ്ചം സദാ ഗൂഢാലോചന നടത്തുന്നത്.
കലാം പറഞ്ഞു: ഇന്ത്യയെക്കുറിച്ച് എനിക്ക് മൂന്നു ദര്‍ശനങ്ങളുണ്ട്. കഴിഞ്ഞ മൂവായിരം വര്‍ഷത്തെ ചരിത്രത്തില്‍ ലോകത്തെമ്പാടുമുള്ള ജനതകള്‍ നമ്മുടെ നാട്ടില്‍ അധിനിവേശം നടത്തി. നമ്മുടെ ഭൂമി പിടിച്ചെടുത്തു, മനസ്സുകള്‍ കീഴടക്കി, കൊള്ളയടിച്ചു. അലക്‌സാണ്ടറും തുര്‍ക്കികളും മുഗളന്മാരും പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഡച്ചുകാരുമൊക്കെ അവരിലുണ്ട്. എന്നാല്‍ അവര്‍ ചെയ്തതൊന്നും നമ്മള്‍ ഒരു രാജ്യത്തോടും ചെയ്തില്ല. ഒരാളെയും നാം കീഴടക്കിയില്ല. അവരുടെ ഭൂമി നാം പിടിച്ചെടുത്തില്ല. സംസ്‌കാരമോ ചരിത്രമോ ജീവിത രീതിയോ അടിച്ചേല്‍പ്പിച്ചില്ല. കാരണം നാം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അത്രമേല്‍ ആദരിക്കുന്നു.

അതുകൊണ്ടുതന്നെ എന്റെ ആദ്യദര്‍ശനം സ്വാതന്ത്ര്യമാണ്. 1857-ലാണ് നമുക്കീ ദര്‍ശനം ആദ്യമായി ലഭിച്ചതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്നാണ് നമ്മള്‍ മഹത്തായ സ്വാതന്ത്ര്യസമരം ആരംഭിച്ചത്. ആ സ്വാതന്ത്ര്യം നാം സംരക്ഷിക്കണം, പരിപോഷിപ്പിക്കണം. നമ്മള്‍ സ്വതന്ത്രരല്ലെങ്കില്‍ ആരും നമ്മെ ആദരിക്കില്ല.

ഇന്ത്യയ്ക്കുള്ള രണ്ടാമത്തെ ദര്‍ശനം വികസനമാണ്. ഇക്കഴിഞ്ഞ കാലമത്രയും നാം വികസ്വരരാജ്യമായിരുന്നു. നമ്മെ നാം വികസിതരാജ്യമായി കാണേണ്ട സമയമെത്തിയിരിക്കുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം പരിഗണിക്കുമ്പോള്‍ ലോകത്തെ ആദ്യ അഞ്ച് രാഷ്ട്രങ്ങളിലൊന്നാണ് നാം. ഒട്ടുമിക്ക മേഖലകളിലും നമുക്ക് 10 ശതമാനത്തോളം വളര്‍ച്ചയുണ്ട്. രാജ്യത്തെ ദാരിദ്ര്യനിലയും താഴുകയാണ്. നമ്മുടെ നേട്ടങ്ങളെ ഇന്ന് ലോകം അംഗീകരിക്കുന്നുണ്ട്. എന്നിട്ടും വികസിതരാജ്യമായി സ്വയം കാണാന്‍ നമുക്ക് ആത്മവിശ്വാസമില്ല. സ്വപ്‌ന ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഈ ആത്മവിശ്വാസമില്ലായ്മ നാം മാറ്റേണ്ടിയിരിക്കുന്നു.

ലോകത്തിനു മുന്നില്‍ ഇന്ത്യ എഴുന്നേറ്റുനില്‍ക്കണമെന്നതാണ് എന്റെ മൂന്നാമത്തെ ദര്‍ശനം. നാം എഴുന്നേറ്റുനിന്നില്ലെങ്കില്‍ നമ്മെയാരും ആദരിക്കില്ല എന്നാണ് എന്റെ വിശ്വാസം. കരുത്തിനെയേ കരുത്ത് ആദരിക്കൂ. ആയുധശക്തിയെന്ന നിലയ്ക്ക് മാത്രമല്ല, സാമ്പത്തികശക്തിയെന്ന നിലയിലും നാം കരുത്തുനേടി ലോകത്തിനു മുന്നില്‍ എഴുന്നേറ്റുനില്‍ക്കണം.

No comments:

Post a Comment